വാഹനങ്ങളിൽ ഫാസ്റ്റ് ടാഗ് ചെയ്യുന്നത് എങ്ങനെ?

0
292

ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ആര്‍എഫ്‌ഐഡി (Radio-frequency Identification-RFID) അധിഷ്ഠിത ഫാസ്റ്റ് ടാഗ് (FASTag) നിര്‍ബന്ധമാക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ടോള്‍ പേയ്‌മെന്റുകള്‍ ഇലക്‌ട്രോണിക് സംവിധാനമാക്കുന്നതാണ് ഫാസ്റ്റ് ടാഗ്. രാജ്യമെമ്പാടുമുള്ള ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ടോള്‍ നല്‍കാന്‍ ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെ സാധിക്കും. ടോള്‍ പിരിക്കുന്ന പ്ലാസയില്‍ വാഹനം നിറുത്തേണ്ടതില്ല. പകരം, ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് എക്കൗണ്ടില്‍ നിന്നും പണം നേരിട്ട് ഈടാക്കും.

വാഹനങ്ങളുടെ മുന്നിലെ ചില്ലില്‍ ഫാസ്റ്റ് ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാകും. ഇലക്‌ട്രോണിക് ചിപ്പ് അടങ്ങിയതായിരിക്കും ഈ സ്റ്റിക്കര്‍. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു ടോള്‍ പ്ലാസ വഴി കടന്നു പോകുന്ന വാഹനത്തെ നിര്‍ണയിച്ച് എക്കൗണ്ടില്‍നിന്നും പണം ഈടാക്കും. ഇതിനായി വാഹന ഉടമ ഫാസ്റ്റ് ടാഗ് എക്കൗണ്ടില്‍ മുന്‍കൂര്‍ പണം നിക്ഷേപിക്കണം. വാഹനത്തിന്റെ പ്രത്യേകത, ഇനം എന്നിവ അനുസരിച്ച് ടാഗിന്റെ നിറത്തിലും വ്യത്യാസമുണ്ടാകും. ഇന്ധന ലാഭവും, ഗതാഗത കുരുക്ക് ഒഴിവായി കിട്ടുമെന്നതുമാണു ഫാസ്റ്റ് ടാഗിന്റെ ഏറ്റവും വലിയ ഗുണമായി കാണുന്നത്. എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്റ്റ് ടാഗ് സംവിധാനമേര്‍പ്പെടുത്തണമെന്നു നിര്‍ദേശം നല്‍കിയിരുന്നു. ടോള്‍ പ്ലാസയിലെ വരികളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഉണ്ടാകുമെങ്കിലും ഒരു വരി ഹൈബ്രിഡ് ആയിരിക്കും. എന്നുവച്ചാല്‍, ഫാസ്റ്റ് ടാഗ് ഉള്ളതും ഇല്ലാത്തതുമായ സംവിധാനമായിരിക്കും ഹൈബ്രിഡ്. വാഹനം പോകുന്നത് ഏത് ദിശയിലേക്കാണോ ആ ദിശയുടെ ഇടതു ഭാഗത്തുള്ള ഏറ്റവും അറ്റത്തുള്ള വരിയിലായിരിക്കും ഹൈബ്രിഡ് സംവിധാനമുള്ളത്. ദേശീയ, സംസ്ഥാന ഹൈവേകളിലുടനീളം 407 ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ ടോള്‍ പ്ലാസകളെ ഫാസ്റ്റ് ടാഗ് പ്രോഗ്രാമിന് കീഴില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.

എങ്ങനെ ഒരു ഫാസ്റ്റ് ടാഗ് ലഭിക്കും ?

ഒരു ഫാസ്റ്റ് ടാഗ് വാങ്ങുന്നത് വളരെ എളുപ്പമാണ്. പുതുതായി വാഹനം വാങ്ങിക്കുന്നവര്‍ക്കുവാഹന ഡീലറില്‍നിന്നും ലഭിക്കും. എന്നാല്‍ വാഹനം ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളവര്‍ അഥവാ പഴയ വാഹനങ്ങള്‍ക്കു ദേശീയപാതയിലുള്ള ടോള്‍ പ്ലാസകളിലുള്ള പോയ്ന്റ് ഓഫ് സെയ്‌ലില്‍ (പിഒഎസ്) നിന്നും ഫാസ്റ്റ് ടാഗ് ലഭിക്കും. നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (എന്‍എച്ച്എഐ) സഹകരിക്കുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകളില്‍നിന്നും ഫാസ്റ്റ് ടാഗ് ലഭിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഇപ്പോള്‍ എന്‍എച്ച്എഐയുമായി സഹകരിക്കുന്നത്. പേടിഎം, ആര്‍ടിഒ, കോമണ്‍ സര്‍വീസ് സെന്റര്‍, പെട്രോള്‍ പമ്പ് എന്നിവ വഴിയും ഫാസ്റ്റ് ടാഗ് ലഭ്യമാകും.

ഫാസ്റ്റ് ടാഗ് വാങ്ങുന്നതിന് ആവശ്യമുള്ള രേഖകള്‍ എന്തൊക്കെ ?

പോയ്ന്റ് ഓഫ് സെയ്‌ലില്‍നിന്നും ഒരു ഫാസ്റ്റ് ടാഗ് വാങ്ങുകയാണെങ്കില്‍, ഇനി പറയുന്ന പ്രമാണങ്ങളുടെ പകര്‍പ്പിനൊപ്പം ഒരു ഫോം സമര്‍പ്പിക്കേണ്ടതുണ്ട്. വെരിഫിക്കേഷനായി ഈ പ്രമാണങ്ങളുടെ യഥാര്‍ഥ പകര്‍പ്പും കരുതണം.

1) വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്
2) വാഹന ഉടമയുടെ സമീപകാലത്തെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
3) കെ വൈ സി ഡോക്യുമെന്റ് (ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്)
സ്വകാര്യ ആവശ്യം, വാണിജ്യപരമായ ആവശ്യം എന്നിവയില്‍ ഏത് ആവശ്യത്തിനാണോ വാഹനം ഉപയോഗിക്കുന്നത് അതനുസരിച്ചായിരിക്കും ഫാസ്റ്റ് ടാഗ് നല്‍കുന്നത്. അതനുസരിച്ചു സമര്‍പ്പിക്കേണ്ട രേഖകളും വ്യത്യാസപ്പെടാം.

ഫാസ്റ്റ് ടാഗിനു ചെലവാകുന്ന പണം

നൂറു രൂപയാണു ഫാസ്റ്റ് ടാഗിന്റെ വില. 200 രൂപയുടെ തിരിച്ചുകിട്ടുന്ന നിക്ഷേപം, വാലറ്റില്‍ 200 രൂപ എന്നിങ്ങനെയായി ആകെ 500 രൂപയാണ് ആദ്യം മുടക്കേണ്ടത്. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും എക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.

ഫാസ്റ്റ് ടാഗ് എങ്ങനെയാണ് റീ ചാര്‍ജ്ജ് ചെയ്യുക ?

ഫാസ്റ്റ് ടാഗ് റീ ചാര്‍ജ്ജ് ചെയ്യേണ്ടത് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവയിലൂടെയും റീ ചാര്‍ജ്ജ് ചെയ്യാനാകും. ഒരിക്കല്‍ ഒരു വാഹന ഉടമ ഒരു ഫാസ്റ്റ് ടാഗ് സ്വന്തമാക്കി കഴിഞ്ഞാല്‍ ആ ഉടമ അവരുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ മൈ ഫാസ്റ്റ് ടാഗ് മൊബൈല്‍ ആപ്പിലേക്ക് കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. ഒരു ഫാസ്റ്റ് ടാഗിന് അഞ്ച് വര്‍ഷത്തെ വാലിഡിറ്റി അഥവാ സാധുതയാണുള്ളത്. ഒരു വാഹനത്തിന് ഒരു ഫാസ്റ്റ് ടാഗ് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

എങ്ങനെയാണു ഫാസ്റ്റ് ടാഗ് ഉപയോഗിക്കേണ്ടത് ?

മോട്ടോര്‍ വാഹനങ്ങളുടെ മുന്‍പിലുള്ള ചില്ലിലാണു (windscreen) ഫാസ്റ്റ് ടാഗ് ഘടിപ്പിക്കേണ്ടത്. ഇത് ഘടിപ്പിച്ച വാഹനങ്ങള്‍ ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ടാഗ് വരിയിലൂടെയാണ് പ്രവേശിക്കേണ്ടത്. ഇങ്ങനെ കടന്നു പോകുന്നതോടെ ടോള്‍ നിരക്കിനു തുല്യമായ തുക വാഹന ഉടമയുടെ ബാങ്ക് എക്കൗണ്ടില്‍നിന്നും ഓട്ടോമാറ്റിക്കായി പിന്‍വലിക്കപ്പെടും. ഇക്കാര്യം എസ്എംഎസ് അലെര്‍ട്ടായി ലഭിക്കുകയും ചെയ്യും