മാതൃഭാഷ പുച്ഛമായവരോട്

0
281

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് വലിയ എന്തോ കുറവായി കാണുന്ന ആളുകൾ ഇന്നലത്തെ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ അവാർഡ് ദാന ചടങ്ങ് ഒന്ന് കാണണം.

അവിടെ മെസ്സി എന്നൊരു മനുഷ്യൻ ഒന്നാം നിരയിൽ വലതു ഭാഗത്ത് മൂന്നാമതായി ഇരിക്കുന്നുണ്ടായിരുന്നു.
വാണ്ടിജികിനും റൊണാൾഡോയ്ക്കും ഇപ്പുറം മൂന്നാമതായി.
മെസ്സിക്ക് മികച്ച ഫോർവേർഡ് പുരസ്കാരവും ലഭിച്ചു.
അയാൾ ഒരൊറ്റ ഇംഗ്ലീഷ് വാക്ക് പറഞ്ഞില്ല.
അയാൾ സംസാരിച്ചത് മുഴുവൻ അയാളുടെ മാതൃഭാഷയിൽ ആയിരുന്നു. സ്പാനിഷിൽ.
.
അവാർഡ് വാങ്ങാൻ സ്റ്റേജിൽ കയറിയപ്പോളും, മറ്റൊരവസരത്തിലും അവതാരിക നൂറുകണക്കിന് ആളുകൾ കൂടിയിരുന്ന ആ മഹാ സദസ്സിൽ മെസ്സി എന്ന ഒരൊറ്റ മനുഷ്യന് വേണ്ടി സ്പാനിഷ് സംസാരിച്ചു. മെസ്സിയോട് പ്രത്യേകമായി ചോദ്യങ്ങൾ സ്പാനിഷിൽ ചോതിച്ചു.
അയാൾ ഇളിഭ്യത ലവലേശമില്ലാതെ സ്പാനിഷിൽ സംസാരിച്ചു. ലോകമത് ശ്രദ്ധയോടെ ശ്രവിച്ചു.
സ്പാനിഷ് അറിഞ്ഞിട്ടില്ല ഞാനത് ഇന്നലെ ശ്രദ്ധയോടെ കേട്ടിരുന്നത്. മറിച്ച്, അത് പറയുന്നത് മെസ്സി എന്ന മനുഷ്യൻ ആയതുകൊണ്ടാണ്.
അവതാരിക തന്നെ ഒരിടക്ക്‌ റൊണാൾഡോയോട് എന്തോ മെസ്സിയെ പറ്റി ചോദിച്ചു, എന്തോ കുസൃതി ചോദ്യം. റൊണാൾഡോ സ്പാനിഷ് പറയണോ എന്ന ഭാവത്തിൽ അവരെ നോക്കിയപ്പോൾ, ഇംഗ്ലീഷിൽ പറഞ്ഞോളൂ, മെസ്സിക്ക് മനസ്സിലാകില്ല എന്ന് പോലും പറഞ്ഞ് കളഞ്ഞു. കാര്യം മനസ്സിലാകാതെ മെസ്സിയും ഒരു കുഞ്ഞിന്റെ സൗമ്യതയോടെ അവതാരികയെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അയാൾ സ്വതസിദ്ധമായ അയാളുടെ നോട്ടങ്ങളിൽ എല്ലാം ഒതുക്കി. ഒരു നാണക്കേടും വിചാരിക്കാതെ. എനിക്ക് അറിയേണ്ടത്, എന്നെ അറിയിക്കേണ്ടത്, വേണമെങ്കിൽ അവർ സ്പാനിഷിൽ പറയട്ടെ, അല്ലാത്തത് ഒന്നും എനിക്ക് അറിയേണ്ട കാര്യമേ ഇല്ല എന്ന ഭാവത്തിൽ.
.
പറയുന്ന ഭാഷയിലോ വേഷത്തിലോ അല്ല, ആരു പറയുന്നു എന്നതിലാണ് കാര്യം. നിങ്ങളുടെ വില നിങൾ പറയുന്നതിനും ലഭിക്കുന്നു. ഞാൻ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
ഇതു തന്നെയായിരിക്കും പണ്ട് AKG മുറി ഇംഗ്ലീഷിൽ ലോക്സഭയിൽ സംസാരിച്ചപ്പോൾ നെഹ്റു ചെയ്തിരിക്കുക.
ഇതു തന്നെയാണ് ചരിത്രത്തിൽ ഫിദൽ കാസ്ട്രോയും ചെഗുവേരയും ലോകവേദികളിൽ സ്പാനിഷിൽ സംസാരിച്ചപ്പോൾ ഇന്ദിരാ ഗാന്ധിയും അരാഫത്തും പീഡിതരുടെ ലോകം മുഴുവനും ചെയ്തിരിക്കുക.
ഇതു തന്നെയാകും, കീറ തുണിയുമെടുത്ത് ഗാന്ധി ഇന്ത്യയെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചപ്പോൾ ബ്രിട്ടീഷുകാരും ചെയ്തിരിക്കുക.
റഷ്യൻ ഭാഷയിൽ ലെനിൻ സംസാരിച്ചതും,
ജർമ്മൻ ഭാഷയിൽ മാർക്സ് സംസാരിച്ചതും,
തമിഴിൽ പെരിയാർ പടപ്പാട്ടുകൾ കുറിച്ചപ്പോളും ചരിത്രം ഇതുപോലെ നിശബ്ദമായി, ശ്രദ്ധയോടെ അവരെ വീക്ഷിച്ചിരുന്നു.

അതെ, മാതൃഭാഷയിൽ സംസാരിക്കുന്നത് പുച്ഛത്തോടെ കാണുന്ന ഓരോ മലയാളിയും ഇന്നലത്തെ മെസ്സിയെ യൂട്യൂബിൽ ഒരിക്കലെങ്കിലും ശ്രവിക്കണം. അതിനെ അന്തസ്സ് എന്ന് തന്നെ പറയണം.