കുറച്ച് ആപ്ലിക്കേഷനെ പരിചയപ്പെട്ടാലോ?

0
117

ആന്‍ഡ്രോയിഡ് ആപ്പുകള്‍

സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടായിട്ടും നല്ല ആപ്പില്ലാതെ നിങ്ങള്‍ വിഷമിക്കുന്നുണ്ടോ. എപ്പോഴും ബോറടിപ്പിക്കുന്ന ആപ്പ് തന്നെയാണോ നിങ്ങളുടെ മൊബൈലിലുള്ളത്. എന്നാല്‍ ഇതാ നിങ്ങളുടെ ഫോണിനെയും നിങ്ങളെയും ഒരു പോലെ ഉത്തേജിപ്പിക്കുന്ന 10 ആപ്പുകള്‍. എല്ലാം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അതും സൗജന്യമായി.

ട്രാഫ്‌ലൈന്‍ (Traffline)

നഗരത്തിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയാല്‍ തിരക്കില്ലാത്ത വഴി പറഞ്ഞുതരാന്‍ ഒരു ആപ്പ് നിങ്ങളുടെ മൊബൈലിലുണ്ടെങ്കിലോ? കലക്കി അല്ലേ, എന്നാല്‍ അത്തരം ഒരു ആപ്പാണ് ട്രാഫ്‌ലൈന്‍. ഒരു റോഡില്‍ പ്രവേശിക്കും മുമ്പേ ട്രാഫിക്കില്‍ ബ്ലോക്കുണ്ടോ എന്നു ലൈവായി ഈ ആപ്പ് നിങ്ങളെ അറിയിക്കും. ഗൂഗില്‍ മാപ്പിന്റെ സഹായത്തോടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ഇനി ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ടു കിടക്കുകയാണെങ്കിലും ഉപയോക്താവിനെ സഹായിക്കാന്‍ ട്രാഫ്‌ലൈനുണ്ടാവും. ബ്ലോക്കില്ലാത്ത അടുത്തുള്ള മറ്റുവഴികളും, കുറുക്കുവഴികളും മാപ്പിന്റെ സഹായത്തോടെ കാണിച്ചുതരും. പക്ഷെ ഇത് ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും എത്തിയിട്ടില്ല. ഡല്‍ഹി, മുംബൈ, ബംഗലൂരു, പൂനെ, ഹൈദരാബാദ് എന്നീ നഗരത്തില്‍ മാത്രമാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. വിഷമിക്കണ്ട അടുത്ത ഒമ്പതു ആപ്പുകള്‍ എവിടെയും ലഭിക്കും.

ഓഫ്‌ടൈം (Offtime)

നിങ്ങളുടെ മൊബൈല്‍ ഉപയോഗം കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്നാല്‍ നിങ്ങള്‍ക്കു പറ്റിയ ആപ്പാണ് ഓഫ്‌ടൈം. ദിവസം മുഴുവന്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും പോലുള്ളവയില്‍ സമയം ചെലവഴിക്കുന്നവര്‍ക്കു ഒരു നിയന്ത്രണത്തിനു വേണ്ടിയുള്ളതാണ് ഈ ആപ്പ്. ഓരോ ആപ്പിനും പരമാവധി ഉപയോഗസമയം സെറ്റ് ചെയ്തുവെക്കാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഉദാഹരണത്തിന് വാട്‌സ് ആപ്പില്‍ ഒരു മണിക്കൂറിലധികം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒഫ്‌ടൈം ഓപ്പണ്‍ ചെയ്ത് സമയം സെറ്റ് ചെയ്താല്‍ മതി. ഒരു മണിക്കൂറിനു ശേഷം നിങ്ങള്‍ക്കു അലര്‍ട്ട് വരും.

സമയം കാര്‍ന്നുതിന്നുന്ന ആപ്പുകള്‍ക്ക് ‘ആപ്പാ’ണ് ഈ ആപ്പ്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ടൈം മാനേജ്‌മെന്റ് സഹായിയാണ് ഓഫ്‌ടൈം.

പിക്‌സ്ആര്‍ട് (PicsArt)

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി നിരവധി ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ പ്ലേ സ്റ്റോറിലുണ്ടെങ്കിലും കുറച്ചുകൂടി വ്യത്യസ്തമായ ഒരു ആപ്പാണ് പിക്‌സ്ആര്‍ട്. ഫോട്ടോ എഡിറ്റ് ചെയ്യാനും, വിവിധ ഫോട്ടോകള്‍ ഒന്നിപ്പിച്ച് കൊളാഷ് ഉണ്ടാക്കാനും, ഫോട്ടോക്കു മുകളില്‍ വരയ്ക്കാനും ഈ ആപ്പ് സഹായിക്കും. ഫോട്ടോയ്ക്ക് വ്യത്യസ്തമായ എഫക്റ്റുകള്‍ നല്‍കാനും ഒപ്ഷനുണ്ട്.

അതിലെല്ലാമുപരി പിക്‌സ്ആര്‍ടിന്റെ സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്ത ഫോട്ടോ ഷെയര്‍ ചെയ്യാനും സംവിധാനമുണ്ട്. വാട്‌സ്ആപ്പ്, ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലും ഷെയര്‍ചെയ്യാം.

ഡി.യു സ്പീഡ് ബൂസ്റ്റര്‍ (DU Speed Booster)

മിക്ക ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാന്‍ സാധ്യതയുള്ള ഒരു ആപ്പാണ് ഡി.യു ബാറ്ററി. ഇതേ കമ്പനിയില്‍ നിന്നു തന്നെ ഏറെ ഉപകാരമുള്ള മറ്റൊരു ആപ്പാണ് ഡി.യു സ്പീഡ് ബൂസ്റ്റര്‍. ഫോണിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പാണിത്.

കൂടാതെ ഫോണിന്റെ റാമിന്റെ പെര്‍ഫോമന്‍സ് കൂട്ടാനും, ആവശ്യമില്ലാത്ത ഫയലുകള്‍ കളയാനും, ഗെയ്മിങ് സ്പീഡ് കുട്ടാനും സഹായിക്കും. ആദ്യമായി ഉപയോഗിക്കുന്നയാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ആപ്പുകൂടിയാണിത്. 10.4 എം.ബി മാത്രമുള്ള ഈ ആപ്പ് നിങ്ങളുടെ മെമ്മറിയും കവരുകയില്ല.

ഡബില്‍ ട്വിസ്റ്റ് (Double Twist)

ഒരു മള്‍ട്ടിമീഡിയ ആപ്പാണിത്. റേഡിയോ, പാട്ട് എന്നിവ കേള്‍ക്കാനും വീഡിയോ കാണാനും ഉപകരിക്കുന്ന ആപ്പ്. ഇന്റര്‍നെറ്റ് വഴിയുള്ള വീഡിയോ, റേഡിയോ എന്നിവയാണ് ഈ ആപ്പിന്റെ പ്രത്യേക ഉപയോഗം. ഈ വിഭാഗ്ത്തിലുള്ള മറ്റു ആപ്പുകളില്‍ നിന്ന് ഡബിള്‍ ട്വിസ്റ്റിനെ വ്യത്യസ്തമാക്കുന്നത് സിങ്ക് ഒപ്ഷനാണ്. പ്ലേലിസ്റ്റും ഐട്യൂണും സിങ്ക് ചെയ്യാനാവും. ഫോട്ടോ, വീഡിയോ തുടങ്ങിയവ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാനും സംവിധാനമുണ്ട്.

ഡോലിങ്കോ (Duolingo)
ഇംഗ്ലീഷ് പഠിക്കാന്‍ പണം ചെലവാക്കുന്നവര്‍ക്ക് ഈ ആപ്പൊന്ന് ഡൗണ്‍ലോഡ് ചെയ്തു പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷിനെക്കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ഡച്ച്, ഡാനിഷ് തുടങ്ങിയ ഭാഷകള്‍ പഠിക്കാനും ഡോലിങ്കോ സഹായിക്കും.

ഭാഷ പഠിപ്പിക്കുന്ന ആപ്പാവുമ്പോള്‍ വളരെ ബോറായിരിക്കുമെന്ന് തോന്നിയാല്‍ തെറ്റി. ലളിതവും എളുപ്പവുമാണ് ഇതിന്റെ പാഠങ്ങള്‍.

എം.എക്‌സ് പ്ലയര്‍ (MX Player)

ആന്‍ഡ്രോയിഡ് ഫോണുകളില്‍ എല്ലാത്തരം വീഡിയോകളും കാണാന്‍ പറ്റിയ ആപ്പാണ് എം.എക്‌സ് പ്ലയര്‍. ബ്രൈറ്റ്‌നസ് കൂട്ടാനും കുറയ്ക്കാനും, ശബ്ദം കൂട്ടാനും കുറയ്ക്കാനും സ്‌ക്രീനിന്റെ വശങ്ങളില്‍ ടച്ച് ചെയതാല്‍ മതി. മറ്റൊരു പ്രധാന സവിശേഷത കിഡ് ലോക്കാണ്. സ്‌ക്രീനിലെ ലോക്ക് ചിഹ്നത്തില്‍ ടച്ച് ചെയ്താല്‍ വീഡിയോ കാണുക ലോക്കായിട്ടാണ്. കുട്ടികളുടെ മുമ്പിലും സൗകര്യപൂര്‍വ്വം വീഡിയോ കാണാമെന്നതു കൊണ്ടാണ് കിഡ ലോക്ക് എന്നു പേരുവന്നത്. അണ്‍ലോക്ക് ചെയ്യാതെ സ്‌ക്രീന്‍ റൊട്ടേറ്റാവുകയോ, സ്‌കിപ്പ് ചെയ്യാനോ ആവില്ല.

കോറ (Quora)

നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കാനുള്ള ഒരു
പ്ലാറ്റ്‌ഫോമായി കാണാവുന്ന ആപ്പാണിത്. ഒരു വിഷയമെടുത്ത് ചര്‍ച്ച നടത്താനും കോറ സൗകര്യമൊരുക്കുന്നു. എന്ത്, എങ്ങനെ, എപ്പോള്‍, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ഏതു ചോദ്യത്തിനും ഉത്തരംകിട്ടും. മൊത്തത്തില്‍ സംശയമുള്ളവന്റെ കൂട്ടുകാരനാണ് ഈ ആപ്പ്.

ജി.ഒ ലോഞ്ചര്‍ എക്‌സ് (GO Launcher EX)

ആന്‍ഡ്രോയിഡിന്റെ രൂപത്തില്‍ തന്നെ മാറ്റം വരുത്തുന്ന ഈ ആപ്പിന് ഒട്ടേറെ സവിശേഷതകളുണ്ട്. ഇതിന്റെ ഫങ്ഷണലുകള്‍ ഒരു പുതുമയാര്‍ന്ന അനുഭവമായിരിക്കും നിങ്ങള്‍ക്കു സമ്മാനിക്കുക. വ്യത്യസ്തമായ 25 തരം സ്‌ക്രീന്‍ സൈ്വപ്പുകളാണ് ഇതിന്റെ പ്രധാന പ്രത്യേകത.

കൂടാതെ റാമില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചവറുകള്‍ സ്വയം നശിപ്പിക്കും. ഉപയോഗിക്കാത്ത ആപ്പുണ്ടെങ്കില്‍ അത് നോട്ടിഫൈ ചെയ്യുന്ന ഈ ആപ്പ് ഒരിക്കലും ബോറടിപ്പിക്കില്ല.

GO Wearther Forecast and Widgets

പകിട്ടേറിയ ഒരു ആപ്പായതാണ് ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. കാലാവസ്ഥ അറിയാന്‍ ഒരുപാട് ആപ്പുകള്‍ പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഇത്രയും ഭംഗിയുള്ള ഒരു ആപ്പും വേറെയില്ല.